സുപ്രീം കോടതി നടപടികള്‍
വീഡിയോ കോണ്‍ഫറന്‍സിലൂടെ

India Latest News

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പകുതിയോളം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെ ജഡ്ജിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുന്നത്. പ്രതിദിന രോഗബാധ 1.68 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ 63,294പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.രോഗബാധിതരുടെ എണ്ണം ഇവിടെ ഓരോദിവസവും ഭീതിജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കുപോലും കിടക്കള്‍ കിട്ടാത്ത അവസ്ഥയാണ്.
ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയത്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *