ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലിനു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച് വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയമുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ഒരുവിധത്തിലുമുള്ള ആശങ്കകളും വേണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരു രൂപ പോലും കുറയാതെ സ്കോളര്‍ഷിപ്പ് വിതരണ ചെയ്യുമെന്നും പല തവണ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നത് ചില തല്‍പ്പര കക്ഷികളുടെ താത്പര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.