ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഡല്‍ഹി പൊലീസ്.ഫെബ്രുവരി ഏഴിന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തമെന്ന് ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാജ്ഞലി ഗോയല്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഡല്‍ഹി പൊലീസിന്‍റെ ഹര്‍ജിയ്ക്ക് പിന്നാലെ ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ്മ നോട്ടീസ് അയച്ചു. അതേസമയം, കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും ഹര്‍ജിയുടെ പകര്‍പ്പ് കൈമാറരുതെന്ന ശശി തരൂരിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. തരൂരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വിനോദ് പഹ്വയാണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.