സുഡാനില്‍ കലാപം; നിരവധി മരണം സുഡാനില്‍ കലാപം; നിരവധി മരണം

Kerala

മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

. ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്ന് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ ഭാര്യ

ഖാര്‍ത്തൂം :സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 56 ആയി. 500ല്‍ ഏറെ സാധാരണക്കാര്‍ക്കു പരുക്കേറ്റെന്നാണ് വിവരം. ജനങ്ങളോടു വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നു നിര്‍ദേശം നല്‍കി. ഗതാഗതം പൂര്‍ണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തില്‍ സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചു.
സുഡാനില്‍ കലാപത്തില്‍ വെടിയേറ്റ് മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ ഭാര്യ ഇസബല്ല കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാന്‍ കഴിഞ്ഞില്ലെന്നും ഫ്ളാറ്റിന്‍റെ അടിത്തട്ടില്‍ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനില്‍ കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. സുഡാനില്‍ വിമുക്തഭടന്‍ കൂടിയാണ് കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്‍.
റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍വച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇതോടെ ഒട്ടേറെ വിമാനക്കമ്പനികള്‍ സുഡാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി.
അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്‍റെ (ആര്‍എസ്എഫ്) കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി
2021 ഒക്ടോബറിലെ അട്ടിമറിക്കു പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറല്‍മാരുടെ കൗണ്‍സിലാണ്. ഇതില്‍ പ്രധാനപ്പെട്ട രണ്ടു ജനറല്‍മാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലവിലെ സംഘര്‍ഷത്തിനു കാരണം.

Leave a Reply

Your email address will not be published. Required fields are marked *