ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപറേഷന്‍ കാവേരി’ക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ജിദ്ദയിലെത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് ജിദ്ദയില്‍ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വരവ്. സുഡാനില്‍ നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനുള്ള വിമാനങ്ങളും കപ്പലുകളും നേരത്തെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ആളുകള്‍ക്ക് വേണ്ട താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതെ സമയം സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഓപറേഷന്‍ കാവേരിക്ക് കീഴില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോര്‍ട്ട് സുഡാനില്‍ നിന്ന് െ എ.എന്‍.എസ് സുമേധ കപ്പലില്‍ 278 പേരാണ് ജിദ്ദയിലേക്ക് വരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജിദ്ദയില്‍ എത്തിച്ചേരും. ഇവരില്‍ 16 മലയാളികളുണ്ട്. ഇവര്‍ക്കെല്ലാം ജിദ്ദയിലെ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മലയാളികള്‍ക്ക് പുറമെ, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഈ കപ്പലില്‍ ഉണ്ട്.
3,000-ഓളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും തലസ്ഥാനമായ ഖാര്‍ത്തൂമിലാണ്. ഇതില്‍ 800 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാരെ എത്രയും വേഗം സുഡാനില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ജിദ്ദയിലെത്തുന്നവരെ യഥാസമയം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി വി. മുരളീധരന്‍ നേരിട്ട് നേതൃത്വം നല്‍കും. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലത്തിന്‍റേയും സൗദി അധികൃതരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. രാംപ്രസാദിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ജിദ്ദയിലെത്തിയിട്ടുണ്ട്.