ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ നിന്ന് വിവിധ രാജ്യക്കാരായ ആളുകളുമായി ഇതുവരെ ജിദ്ദയിലെത്തിയത് 27 കപ്പലുകളും 51 വിമാനങ്ങളും.സുഡാനില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ആരംഭിച്ച ശേഷമാണ് ഇത്രയും കപ്പലുകളും വിമാനങ്ങളും സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ആളുകളെയും വഹിച്ച് ജിദ്ദയിലെത്തിയത്.
സൗദിക്ക് പുറമെ ചില വിദേശ രാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ഇതിലുള്‍പ്പെടും. വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരം ഇതുവരെ 102 രാജ്യങ്ങളില്‍ നിന്നുള്ള 5,184 പേരെ സൗദി അറേബ്യ തങ്ങളുടെ കപ്പലുകളും വിമാനങ്ങളും അയച്ച് സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ സൗദി പൗരന്മാരുടെ എണ്ണം 225 ആയി. സൗദി അറേബ്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ യു.എന്നും വിവിധ രാജ്യങ്ങളും ഇതിനകം പ്രശംസിച്ചിട്ടുണ്ട്.
കപ്പലുകളും വിമാനങ്ങളും അയച്ച് കുടുതല്‍ ആളുകളെ സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ശ്രമം സൗദി അറേബ്യ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് 41 സ്വദേശികളും 171 വിദേശികളും കൂടി ജിദ്ദയിലെത്തി. ‘അബ്ഹ’ എന്ന കപ്പലിലാണ് ഇത്രയും പേരെ എത്തിച്ചത്. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, കൊമോറോസ്, ശ്രീലങ്ക, ഉക്രെയ്ന്‍, മഡാഗാസ്കര്‍, യു.കെ, സിറിയ, അമേരിക്ക, ആഫ്രിക്ക എന്നിവങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലെ വിദേശികള്‍.