ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസിന് 17 സീറ്റ് നല്‍കാമെന്നാണ് എസ്.പിയുടെ ഉറപ്പ് . ഇതോടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കാനുള്ള തടസ്സം മാറി.
80 സീറ്റുകളുള്ള യു.പിയില്‍ 63 ഇടത്ത് സമാജ് വാദി പാര്‍ട്ടിയും 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. 11 സീറ്റുകളാണ് കോണ്‍ഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആര്‍.എല്‍.ഡി എന്‍.ഡി.എയിലേക്ക് പോയതോടെ ഇവര്‍ക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി നല്‍കുന്നതോടെയാണ് 17ലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന 21 സീറ്റ് അടക്കം 24 മണ്ഡലങ്ങള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
ഇത്രയും സീറ്റ് കോണ്‍ഗ്രസിന് നല്‍കാനാവില്ല എന്ന വാശിയില്‍ എസ്.പി ഉറച്ചുനിന്നതോടെ പ്രശ്നപരിഹാരത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ടു. ഇതോടെ എസ്.പി വാഗ്ദാനം ചെയ്ത സീറ്റില്‍ കോണ്‍ഗ്രസ് വഴങ്ങി.
കോണ്‍ഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്നും ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും എസ്.പി നേതാവ് രവിദാസ് മെഹ്റോത്ര വ്യക്തമാക്കി.
സീറ്റ് തര്‍ക്കം പരിഹരിച്ചതോടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അഖിലേഷ് യാദവ് തയാറാകും . സീറ്റ് ധാരണയില്‍ എത്താതെ യാത്രയില്‍ പങ്കെടുക്കില്ല എന്നായിരുന്നു അഖിലേഷിന്‍റെ നിലപാട്.