സി പി എം 83 പേരുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Kerala

തിരുവനന്തപുരം: ഇടതുപക്ഷത്തിന്‍റെ തുടര്‍ ഭരണം തടയാമെന്നത് യു.ഡി.എഫിന്‍റേയും ബി.ജെ.പിയുടെയും വ്യാമോഹമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പുതിയ കക്ഷികള്‍ക്കുള്ള സീറ്റുകള്‍ കണ്ടെത്തുമ്പോള്‍ ഘടകകക്ഷികള്‍ക്ക് നേരത്തെയുണ്ടായിരുന്ന സീറ്റുകളില്‍ കുറവുവരുന്നത് സ്വാഭാവികമാണ്. സി.പി.എം അതിന്‍റെ അഞ്ച് സിറ്റിങ് സീറ്റുകളടക്കം ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടുനല്‍കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
പാര്‍ലമെന്‍ററി പ്രവര്‍ത്തനം പോലെ തന്നെ സംഘടനാ പ്രവര്‍ത്തനവും പ്രധാനമാണ്. ആരെയും ഒഴിവാക്കലല്ല പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനാണ് രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് സംസ്ഥാന സമിതിയാണ്.85 പേരെയാണ് സി.പി.എം. പ്രഖ്യാപിക്കുന്നത്. ഇതില്‍ 76 പേര്‍ സി.പി.എമ്മില്‍ നിന്നും 9 പേര്‍ സ്വതന്ത്രരുമാണ്. 83 പേരുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് വിജയരാഘവന്‍ അറിയിച്ചു.
പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗില്‍ നിന്ന് വന്ന കെ.പി മുസ്തഫ ഇടത് സ്വതന്ത്രനായി മത്സരിക്കും. കെ.ടി ജലീല്‍ തവനൂരിലും കൊടുവള്ളിയില്‍ കാരാട്ട് റസാഖും മത്സരിക്കും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ മന്ത്രി കെ കെ ശൈലജയും പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണനും കുണ്ടറയില്‍ മന്ത്രി ജെ മേഴ്സികുട്ടിയമ്മയും മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസും സ്ഥാനാര്‍ത്ഥികളാണ്. തലശ്ശേരിയില്‍ എ എന്‍ ഷംസീര്‍, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്‍, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് , കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല എന്നിവര്‍ ജനവിധി തേടും.

Leave a Reply

Your email address will not be published. Required fields are marked *