കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തില്ല
മലപ്പുറം: ഏകസിവില്‍ കോഡിനെതിരെ സി.പി.എം നടത്തുന്ന സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യു.ഡി.എഫിന്‍റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യു.ഡി.എഫിലെ പ്രധാന കക്ഷിയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി സെമിനാറില്‍ പങ്കെടുക്കില്ല. ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാനും പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ട്. സമസ്തക്കും അതിന്‍റെ സ്വാതന്ത്ര്യം ഉണ്ടെന്നും
സാദിഖലി തങ്ങള്‍ പറഞ്ഞു.സെമിനാറുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആകരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിപറഞ്ഞു. യോജിപ്പിനുള്ള സെമിനാര്‍ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാന്‍ കോണ്‍ഗ്രസ് ഇടപെടലുകള്‍ക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏക സിവല്‍ കോഡ് വിഷയത്തില്‍ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാര്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കും. ഇതൊരു ദേശീയ വിഷയമാണിത്. ഇതില്‍ പാര്‍ലമെന്‍റില്‍ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത്. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുടെ നിലപാടും ലീഗ് യോഗത്തില്‍ ചര്‍ച്ചയായി. ജൂലൈ 15നാണു സി.പി.എം സെമിനാര്‍ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാര്‍.