സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

Top News

കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.സംഘടനാപരമായും രാഷ്ട്രീയമായും പാര്‍ടിയുടെ ഇടപെടല്‍ വലിയ നേട്ടമായെന്ന് പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ വിലയിരുത്തി. കേരളത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ അച്ചുതണ്ടിനെ ദുര്‍ബലമാക്കി മുന്നേറാന്‍ കഴിഞ്ഞുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ജനങ്ങളുടെ പാര്‍ടിയായി മാറുകയാണ് അടുത്ത ലക്ഷ്യം.മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖ കൂടുതല്‍ സമ്ബുഷ്ടമാക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ചു. കേരളത്തിന്‍റെ വികസനം സംബന്ധിച്ച നയരേഖയും ചര്‍ച്ചയും രാഷ്ട്രീയനിരീക്ഷകരിലും അക്കാദമിക് വിദഗ്ധരിലും വലിയ മതിപ്പുണ്ടാക്കി. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുഖ്യമന്ത്രി വെള്ളിയാഴ്ച മറുപടി നല്‍കും. പാര്‍ടിയുടെ പൊതുനയത്തില്‍നിന്ന് വ്യതിചലിക്കാതെ നവകേരളസൃഷ്ടിക്കുള്ള രേഖയാണ് അവതരിപ്പിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, രേഖസംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനാണ് ചിലരുടെ ശ്രമം. ഇത് അവഗണിച്ച് മുന്നോട്ടുപോകും. താല്‍പ്പര്യം ഹനിക്കാത്ത വിദേശനിക്ഷേപം, ഉന്നതവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയിലെല്ലാം വന്‍ കുതിപ്പിനാണ് തുടക്കമിടുന്നത്. നയരേഖ അവതരിപ്പിച്ചതും ചര്‍ച്ച ചെയ്തതും പൊതുസമൂഹത്തിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു. വികസന നയരേഖ ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കില്ലെന്ന് പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് ഘടകകക്ഷികളില്‍നിന്ന് അഭിപ്രായം തേടും. മുന്നണിയും ചര്‍ച്ച ചെയ്യും. ലഭ്യമാകുന്ന നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് നയരേഖ സമ്പൂര്‍ണമാക്കും.സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരാന്‍ സാധ്യതയേറി.

Leave a Reply

Your email address will not be published. Required fields are marked *