കണ്ണൂര്‍: ഇരുപത്തി മൂന്നാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. പോളിറ്റ് ബ്യൂറൊ അംഗവും മുതിര്‍ന്ന നേതാവുമായ എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏറെ പ്രസക്തിയുള്ള ഒന്നാണെന്ന് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ‘പാര്‍ട്ടിയുടേയും രാജ്യത്തിന്‍റേയും ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം നടത്തുകയാണ്. കേന്ദ്ര നയങ്ങള്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ തന്നെ സ്തംഭിപ്പിക്കുന്നു,’ എസ്ആര്‍പി വ്യക്തമാക്കി.
ഇന്നലെ പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തിയത്.പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും മുസ്ലിം ലീഗിനേയും വിമര്‍ശിച്ചു. നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.’പാര്‍ലമെന്‍റിലും കേരളത്തിനായി ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
നാട്ടില്‍ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോണ്‍ഗ്രസിന്‍റെ സമീപനം. നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണ്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും കേരളത്തില്‍ തുടര്‍ഭരണം പിടിച്ചതുമായ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. ലോക്സഭയില്‍ മൂന്ന് അംഗങ്ങള്‍ മാത്രമാണു പാര്‍ട്ടിക്കുള്ളത്.
ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഇപ്പോഴുള്ളത്.മൂന്ന് പതിറ്റാണ്ട് അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടാനായില്ല. 2018ല്‍ അധികാരം നഷ്ടപ്പെട്ട ത്രിപുരയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ബിജെപിക്കെതിരെ ദേശീയതലത്തില്‍ രൂപപ്പെടേണ്ടേ സഖ്യം സംബന്ധിച്ച് 10 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം വട്ടവും തുടരണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ.