സി.പി.എം. ജില്ലാസമ്മേളനം ഇന്ന് സമാപിക്കും; പൊതുസമ്മേളനത്തിന് 2000 കേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ റാലി

Top News

കോഴിക്കോട് : സിപി എം ജില്ലാ സമ്മേളന സമാപനം കുറിച്ച് കടപ്പുറത്ത് കേന്ദ്രീകരിച്ച റാലിയും പ്രകടനവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. അതിനാല്‍ ബഹുജനങ്ങളോ പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ കടപ്പുറത്ത് ഇ എം എസ് നഗറിലേക്ക് വരേണ്ടതില്ല. വെര്‍ച്വല്‍ റാലിയിലൂടെ രണ്ടരലക്ഷത്തോളം പേരെ സമ്മേളനത്തില്‍ അണിനിരത്താമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉദ്ഘാടന പ്രസംഗമടക്കം സമ്മേളന നടപടികള്‍ കാണാന്‍ നാട്ടിന്‍പുറങ്ങളിലടക്കം സൗകര്യമൊരുക്കും. ഒരു ലോക്കലില്‍ നാലും അഞ്ചും കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം ഇടങ്ങളില്‍ ഓണ്‍ലൈനായി പരിപാടി ഒരുക്കും.
ആള്‍ക്കൂട്ടമൊഴിവാക്കി ഇവിടങ്ങളിലൂടെ എല്ലാവരും സമ്മേളനത്തില്‍ പങ്കാളികളാകണം. വീടുകളിലടക്കമിരുന്ന് കുടുംബസമേതം കാണാനാകുന്നവര്‍ ആ വിധത്തില്‍ പങ്കെടുക്കണം. കോഴിക്കോട് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ സമ്മേളനം ലൈവായി കാണാനുള്ള സജ്ജീകരണവും ഒരുക്കുന്നതാണെന്ന് മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈകിട്ട് നാലിന് ഇ എം എസ് നഗറില്‍ (കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം) മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *