സി എ ജിയ്ക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി;
റിപ്പോര്‍ട്ട് തയ്യാറാക്കിയത് സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെ

Kerala

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് സി.എ.ജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ ഭാഗം കേള്‍ക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. തെറ്റായ കീഴ്വഴക്കത്തിന് കൂട്ട് നിന്നുവെന്ന അപഖ്യാതി സഭയ്ക്കുണ്ടാകാതിരിക്കാനാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ രംഗത്തുവന്നതുപോലെ അസാധാരണ സാഹചര്യം ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം പ്രതിപക്ഷം ശക്തിയായി എതിര്‍ത്തു. സിഎജിക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും തെറ്റായ കീഴ്വഴക്കമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രമേയത്തെ എതിര്‍ത്ത് വി.ഡി സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.സിഎജിയ്ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടിയാണ് ഭരണപക്ഷത്തിന്‍റേതെന്നും സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *