തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കെടിയു വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേതാണ് ഉത്തരവ്. ഈ മാസം 31ന് സിസ വിരമിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
സാങ്കേതിക വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസാ തോമസിനെ കഴിഞ്ഞദിവസം സര്‍ക്കാര്‍ നീക്കിയിരുന്നു. വൈസ്ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്തായ ഡോ. എംഎസ് രാജശ്രീയെയാണ് പകരം നിയമിച്ചത്. സിസാ തോമസിന്‍റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
സര്‍ക്കാരിന്‍റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്‍ക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്‍റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വിസിയെ നിയന്ത്രിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം കഴിഞ്ഞദിവസം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. സിസാ തോമസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതാണ് സാങ്കേതികവിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ അടിയന്തര കാരണമായി മാറിയത്.