കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് എറണാകുളം കടവന്ത്ര എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നീലകാര്‍ മാര്‍ട്ടിന്‍റേത് അല്ലെന്നും കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മാര്‍ട്ടിന്‍ എത്തിയത് സ്കൂട്ടറിലാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഫോടനം നടത്തുന്നതിനായി രാവിലെ 9.40ഓടെ കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഡൊമിനിക് മാര്‍ട്ടിന്‍ എത്തിയത് സ്കൂട്ടറിലാണെന്നും ഇതേ സ്കൂട്ടറിലാണ് കൃത്യം നടത്തിയശേഷം ഇയാള്‍ തൃശ്ശൂരിലേക്ക് പോയി കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു. കടവന്ത്ര സ്വദേശിയായ ഡൊമിനിക് തമ്മനത്താണ് നിലവില്‍ താമസിക്കുന്നത്.സ്ഫോടനം നടത്തിയ പ്രതി കാറിലാണ് പോയതന്ന സംശയത്തില്‍ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ നീല കാര്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് നേരത്തെ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. നീല കാറിനെക്കുറിച്ചാണ് വിശദമായി അന്വേഷിച്ചത്. മണലി മുക്ക് ജംഗ്ഷനിലെ സൂപ്പര്‍ മാര്‍ക്കറിലെ വീഡിയോ ദൃശ്യങ്ങളിലാണ് നീല കാറിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചായിരുന്നു അന്വേഷണം. എന്നാല്‍, സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനം സ്കൂട്ടറാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ കാര്‍ മാര്‍ട്ടിന്‍റേത് അല്ലെന്നും സ്ഥിരീകരിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഐഇഡി സ്ഥാപിച്ചശേഷം സ്റ്റേജിന്‍റെ പിറകുവശത്തുപോയശേഷമാണ് റിമോട്ട് ഉപയോഗിച്ച് ഇയാള്‍ സ്ഫോടനം നടത്തിയത്.