സിവില്‍ സര്‍വീസ് പരീക്ഷ; ഇഷിത കിഷോറിന് ഒന്നാം റാങ്ക്

Kerala

. കേരളത്തിന് അഭിമാനമായി ഗഹന നവ്യ ജയിംസിന് ആറാം റാങ്ക്

ന്യൂഡല്‍ഹി : യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി പെണ്‍ത്തിളക്കം. ആദ്യ പത്ത് പേരുടെ പട്ടികയില്‍ ആറ് റാങ്കുകാരും പെണ്‍കുട്ടികളാണ്. യു.പി സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. കേരളത്തിന് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ് ആറാം റാങ്ക് നേടി.933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് ഇഷിത ഒന്നാം റാങ്കില്‍ എത്തുന്നത്. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയാണ്. ബീഹാറിലെ ബക്സറില്‍ നിന്നുള്ള ഗരിമ ലോഹിയ്ക്കാണ് രണ്ടാം റാങ്ക്. ഹൈദരാബാദ് സ്വദേശി ഉമ ഹാരതിക്കാണ് മൂന്നാം റാങ്ക്, സമ്യതി മിശ്ര നാലാം റാങ്ക് നേടി. ആദ്യ നാല് റാങ്കുകാരും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്.
റാങ്ക് പട്ടികയില്‍ പാലാ സ്വദേശി ഗഹന നവ്യ ജയിംസ് ആറാം സ്ഥാനത്ത് എത്തി. കേരളത്തില്‍ സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗഹന പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കും നേടിയിരുന്നു. പരിശീലനം ഇല്ലാതെയാണ് ഉന്നത റാങ്ക് നേടിയത്.റാങ്ക് പട്ടികയില്‍ 36 സ്ഥാനത്ത് എത്തിയ ആര്യ വി എം തിരുവനന്തപുരം ബാലാരാമപുരം സ്വദേശിയാണ്. തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആര്യ രണ്ടാം ശ്രമത്തിലാണ് ഉന്നത റാങ്കില്‍ എത്തിയത്. 38-ാം റാങ്കുമായി അനൂപ് ദാസും, 55 റാങ്കുമായി എച്ച് എസ് ഭാവന, വൈഷ്ണവി പോള്‍ (62), എസ് ഗൗതം രാജ് (63), മാലിനി എസ് (81) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയ മലയാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *