സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ കൈപ്പുസ്തകം തയ്യാറാക്കി ആളുകളിലേക്കെത്തിക്കാന്‍ ഒരുക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ കെ റെയിലിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 50 ലക്ഷം കോപ്പികളാണ് അച്ചടിക്കുക.
ഇതിനായി അച്ചടി സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ജനുവരി 28 വരെ ടെന്‍ഡര്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൗര പ്രമുഖരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇത്തരത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
കെ റെയിലിനായി സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉടലെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണവും നല്‍കിയിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. സില്‍വര്‍ലൈന്‍ അറിയേണ്ടതെല്ലാം എന്ന പേരിലായിരിക്കും കൈപ്പുസ്തകം പുറത്തിറക്കുന്നത്. സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളില്‍ നിന്നാണ് ഇ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
36 പേജുകളായിരിക്കും കൈപ്പുസ്തകത്തിന് ഉണ്ടായിരിക്കുക. സമൂഹമാധ്യമങ്ങള്‍ക്ക് പുറമെ ലഘുലേഖകള്‍ വഴിയും സിപിഎം പ്രചാരണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *