കൊല്ലം: കെറെയില്‍ സര്‍വേയ്ക്കെതിരേ കൊല്ലം തഴുത്തലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധം.ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം. പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.
കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.ഇതോടെ വീട്ടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്‍റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്‍റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.കഴിഞ്ഞ ഡിസംബറില്‍ ഇവിടെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അന്ന് ഒരു കുടുംബം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു പോയത്.
അതിനു ശേഷം ഇപ്പോള്‍ വീണ്ടു പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്.എന്ത് കാരണം വന്നാലും കല്ലിടാന്‍ സമ്മതിക്കില്ല. ജീവന്‍ പോയാലും കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു. നേരത്തെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സര്‍വെ നിര്‍ത്തിവച്ചിരുന്നു.സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തേക്ക് കെറെയില്‍ കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ അനുകൂല വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നത്.പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം കല്ലിടല്‍ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്.
കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും.കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം.
പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ സര്‍വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. കോട്ടയം നട്ടാശ്ശേരിയില്‍ പ്രതിഷേധക്കാര്‍ കല്ലുകള്‍ പിഴുത് സര്‍വെ ഏജന്‍സികളുടെ വാഹനത്തില്‍ തിരികെ കൊണ്ടിട്ടു.
രണ്ടു കല്ലുകളുമായി പ്രദേശത്തെ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തെത്തിയ പ്രതിഷേധക്കാര്‍ വില്ലേജ് വളപ്പില്‍ കുഴികുത്തി കല്ലിട്ടു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയത്ത് സര്‍വ്വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്