കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്‍റെ മുഖ്യകാര്‍മികന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റാഫേല്‍ തട്ടിലിനെ സ്ഥാനിക ചിഹ്നങ്ങള്‍ ധരിപ്പിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിനായി തയ്യാറാക്കിയ പ്രത്യേകം ഇരിപ്പിടത്തിലേക്ക് അദ്ദേഹത്തെ ആനയിച്ച് ഇരുത്തി. തുടര്‍ന്ന് കീര്‍ത്താനാലാപത്തിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണ കര്‍മത്തിന്‍റെ സമാപന ആശീര്‍വാദം നല്‍കി. മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തതിന് അനുമതി നല്‍കിക്കൊണ്ട് വത്തിക്കാന്‍ നല്‍കിയ സമ്മതപത്രം ചടങ്ങില്‍ വായിച്ചു.
സിറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭാ പ്രതിനിധികള്‍, വത്തിക്കാന്‍ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.തൃശൂര്‍ സ്വദേശികളായ തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21നാണ് മാര്‍ റാഫേലിന്‍റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൃശൂര്‍ അതിരൂപതയുടെ തോപ്പ് സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിന് ചേര്‍ന്നു.
വടവാതൂര്‍ സെന്‍റ് തോമസ് അപ്പോസ്തലിക് സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 1980 ഡിസംബര്‍ 21ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് 1981 മുതല്‍ അരണാട്ടുകരയില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം തുടങ്ങി. 1988ല്‍ കുരിയ വൈസ് ചാന്‍സലറും 1991ല്‍ മൈനര്‍ സെമിനാരി വൈസ് റെക്ടറും 1992 മുതല്‍ 1995 വരെ കാറ്റക്കിസം ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2000 വരെ ചാന്‍സലറും എപാര്‍ഷ്യല്‍ ജഡ്ജിയുമായി. 2010 ഏപ്രില്‍ 10ന് ബിഷപ്പ് ആയി സ്ഥാനകയറ്റം ലഭിച്ച മാര്‍ റാഫേല്‍ തട്ടില്‍, തൃശ്ശൂര്‍, ബ്രൂണി രൂപതകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2017 ഒക്ടോബര്‍ 10ന് ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു.