ഡമാസ്കസ് : ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഇസ്രയേല്‍ ആക്രമണം. ഡമാസ്കസില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡമാസ്കസിലെ ഇറാനിയന്‍ കള്‍ച്ചറല്‍ സെന്‍ററിന് സമീപത്തെ ജനവാസ മേഖലയിലാണ് വ്യോമാക്രണം നടന്നത്. ആക്രമണം നടന്നതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്ത് നില കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യങ്ങള്‍ സിറിയന്‍ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. ഒരുമാസത്തിന് മുന്‍പ് ഡമാസ്കസ് വിമാനത്താവളത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.
2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ സിറിയന്‍, ഇറാന്‍ സൈന്യത്തിനും ഹിസ്ബുള്ള സായുധ സംഘത്തിനും എതിരെ ഇസ്രയേല്‍ ആക്രമണം നടത്തിവരുന്നുണ്ട്. തങ്ങളുമായ അതിര്‍ത്തി പങ്കിടുന്ന സിറിയയില്‍ ഇറാനെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പക്ഷം. ഭൂകമ്പം തകര്‍ത്ത സിറയിയില്‍ നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദികളും ആക്രമണം നടത്തിയിരുന്നു.