തിരുവനന്തപുരം: കടുവ സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നതായി സംവിധായകന്‍ ഷാജി കൈലാസ്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളതെന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അതു പറയുമ്പോള്‍ നായകന്‍ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ താനോ അതിന്‍റെ മറ്റു വശങ്ങളെക്കുറിച്ചു ചിന്തിച്ചില്ലെന്നതാണ് സത്യം. വില്ലന്‍റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശം മാത്രമാണ് പിന്നിലുണ്ടായിരുന്നത്.നമ്മള്‍ ചെയ്യുന്നതിന്‍റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ശരിതെറ്റുകളെക്കുറിച്ചോ അതിന്‍റെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍ക്കാതെ തീര്‍ത്തും സാധാരണനായ മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണാന്‍ അപേക്ഷിക്കുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍ പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകുമെന്നും ഷാജികൈലാസ് പറഞ്ഞു.തെറ്റ് അംഗീകരിക്കുന്നെന്നും തിരുത്തുമെന്നും നടന്‍ പൃഥ്വിരാജും പറഞ്ഞു. കടുവയിലെ വാക്കുകള്‍ മുറിവേല്പിച്ചുവെന്നു കാട്ടി ഭിന്നശേഷി കമ്മിഷനു പരാതി ലഭിച്ചിരുന്നു. പരാതി പരിശോധിച്ച ഭിന്നശേഷി കമ്മീഷണര്‍ സിനിമ ടീമിനെതിരേ കേസെടുത്തിരുന്നു. സിനിമയില്‍ നിന്നു ഈ രംഗങ്ങള്‍ നീക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.