കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യ ഹരജിയില്‍ കക്ഷി ചേരാന്‍ മാതാവ് എം.ആര്‍.ഷീബക്ക് ഹൈകോടതിയുടെ അനുമതി.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഷീബ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. റാഗിങ്, ആത്മഹത്യ പ്രേരണ, മര്‍ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയെ എതിര്‍ത്താണ് കക്ഷിചേരാന്‍ ഷീബയുടെ ഹരജി. ജാമ്യ ഹരജികളും ഷീബയുടെ ഹരജിയും മേയ് 22ന് പരിഗണിക്കാന്‍ മാറ്റി.
റാഗിങ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകന് നേരിടേണ്ടിവന്നതെന്നും മരണകാരണം പൂര്‍ണമായും ഇപ്പോഴും വ്യക്തമായിട്ടില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് ഷീബയുടെ ഹരജി. തുടരന്വേഷണം വേണ്ടതുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഇവര്‍ പറയുന്നു.