. കര്‍ണാടകയില്‍ സത്യപ്രതിജ്ഞ നാളെ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു നാലുദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും തുടര്‍ചര്‍ച്ചകള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേല്‍ക്കുമെന്ന് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ബംഗളൂരുവില്‍ സത്യപ്രതിജ്ഞ നടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരുമാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഡി.കെ.ശിവകുമാര്‍ പിസിസി അധ്യക്ഷനായും തുടരും. ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. സമുദായ സമവാക്യം പാലിക്കാന്‍ നേരത്തെ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ എന്ന് ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകും.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ നിധിയാണെന്നു കെ.സി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുപേര്‍ക്കുംമുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടാവുക സ്വാഭാവികം. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹരുമാണ്. കര്‍ണാടകയില്‍ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള പോരാട്ടമാണ് നടന്നത്. കര്‍ണാടകയിലെ വന്‍ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. സോണിയ, രാഹുല്‍, പ്രിയങ്ക, ഖാര്‍ഗെ എന്നിവര്‍ക്ക് നന്ദി.സോണിയ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ കരുത്ത് നല്‍കി. ഞങ്ങള്‍ സമവായത്തില്‍ വിശ്വസിക്കുന്നു.ഏകാധിപത്യത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല.കഴിഞ്ഞ നാലു ദിവസങ്ങളായി സമവായത്തിനായി ശ്രമം നടക്കുകയായിരുന്നു. കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
സിദ്ധരാമയ്യയും ഡി.കെശിവകുമാറും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും പക്ഷെ ഒരാള്‍ക്ക് മാത്രമേ മുഖ്യമന്ത്രി ആകാന്‍ സാധിക്കൂവെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തി തീരുമാനമെടുത്തെന്നും സുര്‍ജെവാല അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിപദം പങ്കിടുന്നതതില്‍ വ്യക്തതവരുത്താന്‍ കെ.സി.വേണുഗോപാല്‍ തയ്യാറായില്ല. കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്നതാണ് അധികാരം പങ്കിടല്‍ ഫോര്‍മുല എന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ വിശദമായി കേട്ടതുകൊണ്ടാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമെടുത്തതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ധാരണയായത്. ആദ്യടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിപദത്തിലെ ടേം വ്യവസ്ഥയായ രണ്ടരവര്‍ഷം ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. താന്‍ മാത്രമായിരിക്കണം ഉപമുഖ്യമന്ത്രിയെന്ന ശിവകുമാറിന്‍റെ ആവശ്യവും ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നാണ് വിവരം.