ന്യൂഡല്‍ഹി: അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച പഞ്ചാബ് പി.സി.സി പ്രസിഡന്‍റ് നവജോത്സിങ് സിദ്ദു പദവിയില്‍ തുടര്‍ന്നേക്കും. അദ്ദേഹത്തെ മെരുക്കാന്‍ ചില ആവശ്യങ്ങള്‍ മുഖ്യമന്ത്രി ചരണ്‍ജിത്സിങ് ചന്നി അംഗീകരിച്ചു കൊടുത്ത സാഹചര്യത്തിലാണിത്.
ചില മന്ത്രിമാര്‍, പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവരെ നിശ്ചയിച്ചതിലെ എതിര്‍പ്പാണ് രാജിപ്രഖ്യാപനത്തില്‍ എത്തിയത്. സിദ്ദുവും ചന്നിയുമായി നടന്ന ചര്‍ച്ചക്കൊടുവില്‍ ഇരുവരുടെയും മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. ഇരുവരുടെയും ചര്‍ച്ചക്ക് അനുസൃതമായ ചില തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിദ്ദു ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്തതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സിദ്ദുവിന്‍െറ ഉപദേശകന്‍ മുഹമ്മദ് മുസ്തഫയും വിശദീകരിച്ചു.
അദ്ദേഹത്തിന്‍െറ വൈകാരിക പ്രതികരണ രീതിയെക്കുറിച്ച് ഹൈകമാന്‍ഡിനും ബോധ്യമുണ്ട്. പഞ്ചാബിന്‍െറ ഭാവി കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു സിദ്ദുവിന്‍െറ കഴിഞ്ഞ ദിവസത്തെ രാജി നാടകം. സൂപ്പര്‍ മുഖ്യമന്ത്രിയാണ് സിദ്ദുവെന്ന പ്രതീതി നിലനില്‍ക്കുമ്പോള്‍ തന്നെ, തന്‍െറ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത ചില നിയമനങ്ങള്‍ നടന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അതേസമയം, സിദ്ദുവിനൊപ്പം നിന്ന് അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ തയാറായ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വലിയ പ്രതിസന്ധിയിലേക്കാണ് ഇതോടെ എടുത്തെറിയപ്പെട്ടത്. തുടര്‍ന്ന് ഹൈകമാന്‍ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അനുനയത്തിനു നിര്‍ദേശിക്കുകയായിരുന്നു.