സിദ്ദിഖ് വധം: അന്വേഷണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു

Top News

മഞ്ചേശ്വരം: പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖി(32)നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൈവളിഗെയിലെ അധോലോക സംഘത്തെ പിടികൂടാന്‍ മൂന്ന് സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിച്ചു.കൊലക്ക് ശേഷം പ്രതികള്‍ ആദ്യം കടന്നത് കര്ണാടകയിലേക്കാണ്. പ്രതികളുടെ കൂട്ടാളിയും ബാളിഗെ അസീസ് വധക്കേസില്‍ കൂട്ടു പ്രതിയുമായ മടിക്കേരി സ്വദേശിയുടെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികള്‍ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും വേര്‍പിരിഞ്ഞ സംഘം ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായാണ് സൂചന.വിദേശത്ത് ശക്തമായ വേരുകളുള്ള ഈ സംഘം കുറ്റകൃത്യം നടന്നാല്‍ വിദേശത്തേക്ക് കടക്കുകയാണ് പതിവ്. മുഖ്യ പ്രതിയായ ഒരാള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേരള പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഒരാളെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചു പിടികൂടാനും സാധിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിയെ വിട്ടു കിട്ടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും.സിദ്ദിഖിനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് ഷാഫി ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുടെ മര്‍ദ്ദനമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് മൊഴികളില്‍ നിന്നും ലഭിച്ച സൂചന.യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച വീട് ബുധനാഴ്ച ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. രക്ത കറയും മറ്റു തെളിവുകളും ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *