സിഗരറ്റ് വലിക്കുന്നതിനു കുറഞ്ഞ
പ്രായം 21 വയസാക്കും

India

ന്യൂഡല്‍ഹി: സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നിതിനുമുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്ന് 21 വയസാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ ശ്രമം. ഇതിനായി പുകയില നിരോധിത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്‍ മന്ത്രാലയം തയാറാക്കി കഴിഞ്ഞു.
പുതിയ വ്യവസ്ഥകള്‍ പ്രകാരം സിഗരറ്റോ മറ്റ് പുകയില ഉത്പന്നങ്ങളോ 21 വയസിനു താഴെയുള്ളയാളിനു വില്‍ക്കുന്നതും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റകരമാകും.വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ 100 മീറ്റര്‍ ചുറ്റളവിലും വില്‍പ്പന പാടില്ല. പുകയില നിരോധിത മേഖലയില്‍ ഉപയോഗിച്ചതായി കണ്ടെ ത്തിയാലുള്ള പിഴ 200 രൂപയില്‍ നിന്നു 2000 രൂപയാക്കി വര്‍ധിപ്പിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ. ഇതിനായി നിലവിലുള്ള നിയമത്തിലെ ഏഴാം വകുപ്പ് ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളികളാകുന്നതും പുകയില ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമാക്കാന്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതുപോലെ നിയമവിരുദ്ധമായ സിഗരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വില്‍പനയും ഉപയോഗവും തടയുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതി ബില്ലിലുണ്ട്. ഇത്തരം കുറ്റങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷയെങ്കില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *