.23 സൈനിക ഉദ്യോഗസ്ഥരടക്കം 30 പേരെ കാണാതായി
ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. സൈനികരും തദ്ദേശവാസികളും അടക്കം 30 പേരെ കാണാതായി എന്നാണ് വിവരം. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘവിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഏകദേശം 2,400 വിനോദസഞ്ചാരികള്‍ മേഖലയില്‍ ഒറ്റപ്പെട്ടതായും രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേന ( എന്‍ഡിആര്‍എഫ് ) മൂന്ന് സംഘങ്ങളായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പലരെയും രക്ഷപ്പെടുത്തി.
ഇതിനിടെ ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതോടെ ജലനിരപ്പ് 15-20 അടി വരെ ഉയരാന്‍ കാരണമായതായും റിപ്പോര്‍ട്ടുണ്ട്. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ആറ് പാലങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10ന്‍റെ നിരവധി ഭാഗങ്ങള്‍ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല റോഡുകളും തടസ്സപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു.
ഇതിനിടെ ഗാംഗ്ടോക്കില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്ക്, ടീസ്റ്റ ഡാമിന് സമീപമുള്ള ചുങ്താങ് പട്ടണത്തിലെ താമസക്കാരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, വടക്കന്‍ സിക്കിമിലെ സിംഗ്താമിനെ ചുങചുങ്താംഗുമായി ബന്ധിപ്പിക്കുന്ന ദിക്ച്ചു, ടൂങ് പട്ടണങ്ങളിലെ രണ്ട് പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്