ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയ്ക്ക് സമീപം സിഖു അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയ്ക്ക് സമീപമാണ് പഞ്ചാബിലെ അംറോഹ് ജില്ലയിലെ ഫതേഗര്‍ഗ് സാഹിബ് സ്വദേശി ഗുര്‍പ്രീത് സിംഗ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്‍റെ സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു ഗുര്‍പ്രീത് സിംഗ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ മാസവും സിംഖു അതിര്‍ത്തിയില്‍ ഒരു കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൈകള്‍ വെട്ടിമാറ്റിയ നിലയിലും ദേഹമാസകലം പരിക്കേറ്റ തരത്തിലുമായിരുന്നു മൃതദേഹം. സംഭവത്തില്‍ രണ്ട് നിഹാംഗ് ഗ്രൂപ്പ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. സിംഖൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യു.പി എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. മൂന്ന് കര്‍ഷക ബില്ലുകളും പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില വിളകള്‍ക്ക് ഉറപ്പാക്കണമെന്നുമാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യം. നിയമം നടപ്പാക്കാന്‍ 11 തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കൃത്യമായൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.