സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

Latest News

പാലക്കാട്: സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീര്‍ അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീര്‍ ആശുപത്രിയില്‍ എത്തിയത്. കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്‍റെ ദൗത്യസംഘത്തില്‍ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ ഖനിയപകടത്തിലെ രക്ഷാപ്രവര്‍ത്തനത്തിലും സാന്നിധ്യമായിരുന്നു.ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ എത്തുന്ന ആളായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഷമീര്‍ മടികൂടാതെ എത്തും. നിരവധി പേരുടെ ജീവന്‍ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്.
സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരനായിരുന്നു മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി ഷമീറെങ്കിലും അസാധാരണ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. വെള്ളത്തിലും കരയിലും ഉയരങ്ങളിലുമെല്ലാം സന്നദ്ധ സേവനത്തിനിറങ്ങാന്‍ ഷമീറിന് മടിയുണ്ടായിരുന്നില്ല.
2018 ല്‍ പ്രളയം പിടിച്ചുകുലുക്കിയപ്പോഴല്ലാം രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ഷമീര്‍. വലിയ കെട്ടിടങ്ങളിലേക്കും ആഴമുള്ള കിണറുകളിലേക്കും ലളിതമായി ഇറങ്ങുന്നതിനും കയറുന്നതിനും ഷമീര്‍ വികസിപ്പിച്ചെടുത്ത കരിമ്പ കൊളുത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *