സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരമര്‍പ്പിച്ചു

Kerala

. അതുലിന്‍റെയും ആല്‍ബിന്‍റെയും സംസ്കാരം നടത്തി
. സാറയുടെ സംസ്കാരം ഇന്നും ആന്‍ റുഫ്തയുടെത് നാളെയും
. രണ്ടുപേരുടെ നില അതീവ ഗുരുതരം

കൊച്ചി : അപകടത്തില്‍ മരിച്ച സഹപാഠികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി കുസാറ്റ് ക്യാമ്പസ്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സാറ തോമസ്, പറവൂര്‍ ചേന്ദമംഗലം കുറുമ്പത്തുരുത്ത് ആന്‍ റുഫ്ത, കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ അതുല്‍ തമ്പി എന്നിവരുടെ മൃതദേഹം ക്യാമ്പസിലെത്തിച്ചത്. അപകടത്തില്‍ മരിച്ച കുസാറ്റിലെ വിദ്യാര്‍ത്ഥി അല്ലാത്ത പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപറമ്പില്‍ ആല്‍ബിന്‍ ജോസഫിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ ആര്‍.ബിന്ദു, പി.രാജീവ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. കളിചിരികളുമായി നടന്ന കൂട്ടുകാര്‍ പൊടുന്നനെ ഇല്ലാതായത് ഇനിയും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു.
രാവിലെ ഏഴിന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒമ്പതരയോടെയാണ് കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദര്‍ശനത്തിനായെത്തിച്ചത്. ആദ്യമെത്തിച്ചത് സാറാ തോമസിന്‍റെ മൃതദേഹം. പിന്നാലെ ആന്‍ റുഫ്തയുടെയും അതുല്‍ തമ്പിയുടേയും മൃതദേഹങ്ങളുമെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. മന്ത്രിമാരായ ആര്‍.ബിന്ദു, പി.രാജീവ് സ്പീക്കര്‍ എ.എന്‍ ഷംഷീര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ജനപ്രതിനിധികളായ ബന്നി ബഹ്നാന്‍ ഹൈബി ഈഡന്‍ , ജെ.ബി മേത്തര്‍, എ.എ.റഹീം, ജോണ്‍ ബ്രിട്ടാസ്, അന്‍വര്‍ സാദത്ത്, ഉമാ തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് പരുക്കേറ്റ് ശ്വാസതടസം ഉണ്ടായതായും നാല് പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരുക്കേറ്റിരുന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്കാരം. കോളജ് ക്യാമ്പസിലെ പൊതുദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കും.സാറയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
അതുല്‍ തമ്പിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. കൂത്താട്ടുകുളത്തെ കുടുംബ കല്ലറയിലാണ് മൃതദേഹം അടക്കിയത്. ആല്‍ബിന്‍ ജോസഫിന്‍റെ സംസ്കാരം മൈലമ്പിള്ളി പള്ളി സെമിത്തേരിയില്‍ നടന്നുപരുക്കേറ്റ 42 പേര്‍ മൂന്നു ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ രണ്ട് പേര്‍ വെന്‍റിലേറ്ററിലും അഞ്ച് പേര്‍ ഐസിയുവിലും 35 പേര്‍ വാര്‍ഡിലും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *