ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന പാകിസ്ഥാനില്‍ പുതിയ ചെലവ് ചുരുക്കല്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആര്‍ഭാട ജീവിതത്തിന് തടയിട്ടാണ് പുതിയ പ്രഖ്യാപനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രംഗത്തെത്തിയത്. മന്ത്രിമാര്‍ വിമാനത്തില്‍ ബിസിനസ് ക്ലാസുകളില്‍ വിദേശത്തേയ്ക്ക് പോകുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം രാജ്യത്തിന് പ്രതിവര്‍ഷം 200ബില്യണ്‍ രൂപ ലാഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ ക്യാബിനറ്റ് അംഗങ്ങളോടും അവരുടെ ശമ്പളം ഉപേക്ഷിച്ച് സ്വന്തം യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അംഗങ്ങളോട് അവരുടെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാനും സപ്പോര്‍ട്ട് സ്റ്റാഫില്ലാതെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാനും അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ വാഹനങ്ങള്‍ നല്‍കേണ്ടതില്ലെന്നും തിരുമാനം എടുത്തിട്ടുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഭക്ഷണത്തില്‍ ഒരു വിഭവം മാത്രമേ നല്‍കൂ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റും കൂടുതല്‍ ഭൂമി അനുവദിക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ട്. അടുത്ത ബജറ്റില്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ആഴ്ച അന്താരാഷ്ട്ര നാണയനിധിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി 3ന് പാകിസ്ഥാന്‍റെ വിദേശനാണ്യ കരുതല്‍ ശേഖരം 5.5 ശതമാനം കുറഞ്ഞിരുന്നതായി സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. വാണിജ്യ ബാങ്കുകള്‍ കൈവശം വച്ചിരിക്കുന്ന 5.62 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ രാജ്യത്തിന് മൊത്തത്തില്‍ 8.54 ബില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1975ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് 2023ല്‍ പാകിസ്ഥാന്‍ നേരിടുന്നത്.