സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയം തള്ളി

Top News

.സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം
.കേന്ദ്രനിലപാട് കാണാതെ കുറ്റപ്പെടുത്തുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയിന്മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. ചര്‍ച്ചയില്‍ അതൃപ്തിയറിയിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ സഭ പ്രമേയം തള്ളുകയായിരുന്നു. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നല്‍കിയ അതേ മറുപടിയാണ് ധനമന്ത്രിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു.സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തികൊണ്ടാണ് സാമ്പത്തികപ്രതിസന്ധിയിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്ര നിലപാട് കാണാതെ പ്രതിപക്ഷം സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. ധനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണം. റോജി.എം.ജോണ്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ സംസ്ഥാന സര്‍ക്കാറാണെന്ന് കുറ്റപ്പെടുത്തി. നികുതി പിരിവിലെ വീഴ്ച്ചയാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തി. പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ ധനമന്ത്രി കേന്ദ്രനിലപാട് പ്രതിപക്ഷം കാണാതെ പോകുന്നതായും ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ ഒന്നൊന്നായി വിശദീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. പക്ഷേ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ധനമന്ത്രി മുന്നോട്ടുവെച്ചില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *