ന്യൂഡല്‍ഹി: സാമൂഹ്യമാദ്ധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ അധികാരമുള്ള മാദ്ധ്യമ നിയന്ത്രണ അതോറിട്ടി അനിവാര്യമാണെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതി ശുപാര്‍ശ ചെയ്തു.വ്യക്തി വിവര സംരക്ഷണ ബില്ലുമായി (പേഴ്സണല്‍ ഡേറ്റാ പ്രാട്ടെക്ഷന്‍ ) ബന്ധപ്പെട്ട് ഇരു സഭകളിലും വച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.അന്വേഷണ ഏജന്‍സികളെ ബില്ലിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അംഗം ജയറാം രമേശ് അടക്കമുള്ളവരുടെ വിയോജന കുറിപ്പോടെയാണ് ബി.ജെ.പി അംഗം പി.പി. ചൗധരി അദ്ധ്യക്ഷനായ സംയുക്ത സമിതി പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രാജ്യത്തെ വിവിധ വാര്‍ത്താ മാദ്ധ്യമങ്ങളെ (ഓണ്‍ലൈന്‍, പ്രിന്‍റ്, ഇലക്ട്രോണിക്) ഒന്നിച്ച് നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ മാതൃകയിലുള്ള ഏജന്‍സി അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയുള്ള പുതുതലമുറ മാദ്ധ്യമ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് പരിമിതിയുണ്ട്.സാങ്കേതിക നിയന്ത്രണമുള്ള മാതൃകമ്പനിക്ക് ഇന്ത്യയില്‍ ഓഫീസ് ഇല്ലെങ്കില്‍ ഒരു സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമിന്‍റെയും പ്രവര്‍ത്തനം അനുവദിക്കരുതെന്നും ശുപാര്‍ശയുണ്ട്.
എല്ലാ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്ഫോമുകളെയും പബ്ലിഷര്‍മാരായി കണക്കാക്കി ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്വം നല്‍കണം. സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകളെ സാമൂഹ്യ മാദ്ധ്യമ ഇന്‍റര്‍മീഡിയറികളായി വേണം പരിഗണിക്കാന്‍.
അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം സംബന്ധിച്ച് ഇന്‍റര്‍മീഡിയറികള്‍ക്ക് ഉത്തരവാദിത്വം നല്‍കാനുള്ള സംവിധാനം വേണം. അക്കൗണ്ടുകള്‍ സംബന്ധിച്ച പരിശോധനയ്ക്ക് അപേക്ഷ നല്‍കിയാല്‍ വൈകാതെ നടപടി സ്വീകരിക്കണം. സോഫ്റ്റ്വെയറുകള്‍ക്കൊപ്പം ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കളെ നിയന്ത്രിക്കാനും സംവിധാനം വേണം.
സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബില്ലിന്‍റെ പരിധി ‘വ്യക്തിപരം’ മാത്രമായി ഒതുക്കരുതെന്നും, ‘വ്യക്തിപരമല്ലാത്തവയും’ പരിഗണിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.