സിസ തോമസിന്‍റെ നിയമനം റദ്ദാക്കിയില്ല
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി. പ്രത്യേക സാഹചര്യത്തില്‍ താത്കാലികമായി നിയമിക്കപ്പെട്ടതിനാല്‍ സിസ തോമസിന്‍റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
സിസ തോമസിന്‍റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ സിസ തോമസിന്‍റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം ആയതിനാല്‍ നിയമനം റദ്ദാക്കുന്നില്ല. അതേ സമയം കെടിയു ആക്ട് പ്രകാരം ഇടക്കാല വിസി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ച ശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈമാറാം. ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.