സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Kerala

തിരുവനന്തപുരം: പുതിയ കാലത്ത് വലിയൊരു ബദല്‍ സാദ്ധ്യതയാണ് സഹകരണ മേഖലയെന്നും അതുകൊണ്ടു തന്നെ നിലനില്‍പ്പും അതിജീവനവും ഉദാവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ വക്താക്കളെ അസഹിഷ്ണുക്കളാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 68ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ബദലായി മാറിയ സഹകരണ മേഖലയെ തന്നെ ഇല്ലാതാക്കാന്‍ നടത്തുന്ന മൂര്‍ത്തമായ ശ്രമത്തിന്‍റെ ദൃഷ്ടാന്തങ്ങള്‍ കേന്ദ്ര നിയമത്തിലൂടെയും കാണുന്നുണ്ട്. സഹകരണ മേഖലയിലെ ഫെഡറല്‍ തത്വങ്ങളെ ആകെ ലംഘിക്കും വിധം കൈയടക്കാന്‍ ശ്രമിക്കുകയാണ്. യുക്തിരഹിതമായ നിയമങ്ങളിലൂടെ സഹകരണ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും വരിഞ്ഞു മുറുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇപ്പോഴും ഡെമോക്ലീസിന്‍റെ വാള്‍ പോലെ ആദായ നികുതി നിയമത്തിന്‍റെ പല വകുപ്പുകളും സഹകരണ മേഖലയുടെ തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നു. അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിലും വായ്പ നല്‍കുന്നതിനും ആര്‍ബിഐ എതിര്‍പ്പുയര്‍ത്തുന്നില്ല. എന്നാല്‍ എതിര്‍പ്പ് ഇല്ലെന്ന് പറയുന്ന കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
ആറര പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ആഗോളവല്‍ക്കരണത്തിനുള്ള ബദല്‍ എന്ന നിലയിലാണ് സഹകരണ മേഖലയെ സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ട് നിരോധനം, കോവിഡിന് ശേഷമുള്ള മാന്ദ്യം , സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം എന്നിങ്ങനെ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം നടക്കുന്നത് . അവയെല്ലാം ശ്രദ്ധേയമായ രീതിയില്‍ അതിജീവിച്ചു. അസമത്വം പെരുകുകയും തൊഴില്‍ സുരക്ഷിതത്വം കുറയുകയും യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്ന സാഹചര്യമാണ് ദേശീയ തലത്തിലുള്ളത്.
ലോകത്ത് 279 ദശലക്ഷം പേര്‍ അവരുടെ പ്രധാന വരുമാനമാര്‍ഗമായി സഹകരണ മേഖലയെയാണ് കാണുന്നത്. ഇന്ത്യയിലാകട്ടെ ലോകത്തെ ഏറ്റവും വിപുലമായ സഹകരണ പ്രസ്ഥാനമാണുള്ളത്.
ലളിതമായ രീതിയില്‍ ആരംഭിച്ച കേരളത്തിലെ സഹകരണ മേഖല ഇന്ന് സമ്പദ് മേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. കോവിഡ് കാലത്ത് ബാങ്കിംഗ് പ്രശ്നങ്ങളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ വീട്ടുപടിക്കല്‍ വരെ സേവനങ്ങളെത്തിച്ചു. ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു നല്‍കി. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് സഹകരണ മേഖല ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വായ്പാ പലിശ ഇളവ്, കുറഞ്ഞ പലിശയ്ക്ക് വായ്പ എന്നിവയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 226 കോടി രൂപ നല്‍കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം പലിശരഹിത വായ്പ നല്ലരീതിയില്‍ നല്‍കാന്‍ കഴിഞ്ഞു.
സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഒരേ കുടക്കീഴില്‍ കൊണ്ടു വരാന്‍ കോപ് മാര്‍ട്ട് പദ്ധതി തുടങ്ങി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 2074 വീടുകള്‍ ഒന്നാം ഘട്ടത്തില്‍ വച്ചു നല്‍കി. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *