സഹകരണ മേഖലയില്‍ നിന്ന് 2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍

Top News

തിരുവനന്തപുരം: ധനഞെരുക്കം മറികടക്കാന്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി പണം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.2000 കോടി കടമെടുത്ത് ഒരു മാസത്തെ പെന്‍ഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകള്‍ക്ക് മാറ്റി വെക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം.
ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികള്‍ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് വായ്പ എടുക്കുന്നത്. ഡിസംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച ഉത്തരവും ഉടനിറങ്ങും.
സംസ്ഥാനം ധന പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ധനമന്ത്രി അടക്കം ഇടത് ബുദ്ധിജീവികള്‍ അത് നിഷേധിച്ചിരുന്നു. എന്നാല്‍, കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് കടമെടുപ്പ് നല്‍കുന്ന സൂചന.
കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെന്‍ഷന്‍ രണ്ട് മാസത്തെ കുടിശികയായി.

Leave a Reply

Your email address will not be published. Required fields are marked *