സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാര്‍ശ

Top News

തിരുവനന്തപുരം : സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഓരോ സര്‍വകലാശാലയ്ക്കും വെവ്വേറ വൈസ് ചാന്‍സലര്‍മാരെ നിയമിക്കണം.
വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷം വരെയാക്കണമെന്നും 70 വയസുവരെ രണ്ടാം ടേമിനു പരിഗണിക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശയിലുണ്ട്. കമ്മീഷന്‍ ശുപാശ ചെയര്‍മാന്‍ ശ്യാം ബി മേനോന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപതു വയസാക്കി ഉയര്‍ത്താനും മലബാറില്‍ കൂടുതല്‍ കോളേജുകള്‍ തുടങ്ങാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്കായി ബില്‍ കൊണ്ടുവരണം. കോളേജുകളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ഒഴിവാക്കി സ്ഥിരനിയമനം നടത്തണമെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ രംഗം 75 ശതമാനത്തോളം വിപുലീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷണ രംഗത്തും അദ്ധ്യാപന രംഗത്തും പഠനരംഗത്തും ഗുണനിലവാരം വര്‍ദ്ധിപ്പിക്കണം,
ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള കോഴ്സുകളുടെ സീറ്റും വര്‍ദ്ധിപ്പിക്കണം. എസ്.സി എസ്.ടി സംവരണം ഉറപ്പാക്കുന്നതിനൊപ്പം വനിതകളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും അനുപാതം വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അക്കാഡമിക നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കോളേജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്സ് തുടങ്ങണം. ഗവേഷണത്തില്‍ എസ് സി, എസ് ടി സംവരണം ഉറപ്പാക്കണമെന്നും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. എന്‍ കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *