ചെന്നൈ: പ്രഫഷനല്‍ കോഴ്സുകളില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, നിയമം എന്നിവയില്‍ ഇതോടെ 7.5 ശതമാനം സംവരണം ലഭിക്കും. ഈ മാസം ആദ്യം നടന്ന മന്ത്രിസഭ യോഗത്തില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രഫഷനല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നതെന്നും കുടുംബത്തിലെ ദാരിദ്ര്യവും കോഴ്സുകളെക്കുറിച്ച് അറിവില്ലായ്മയുമാണ് ഇതിന് കാരണമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ ക്ഷേമം പരിഗണിച്ച് 2006ല്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കിയത് സ്റ്റാലിന്‍ അനുസ്മരിച്ചു. ‘സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഫഷനല്‍ കോഴ്സുകളില്‍ ചേരുന്നതിന് നിലവില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരുന്നു. അവര്‍ സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മത്സരിക്കേണ്ടിവരുന്നു’ സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി.
നിയമസഭയില്‍ ബില്‍ ഒറ്റക്കെട്ടായി പാസാക്കുമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.