സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍

Kerala

നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാര്‍ നയമാണ്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.കണ്‍കറന്‍റ് ലിസ്റ്റില്‍ കൂടിയാലോചന നടത്തുന്നില്ല. സംസ്ഥാനവുമായി ആലോചിക്കാതെയായിരുന്നു നിയമനിര്‍മാണം. ഫെഡറിലസത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗം വായിച്ച് ഗവര്‍ണര്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നും സൗജന്യമായി വാക്സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി. കൊവിഡ് പോരാളികള്‍ക്ക് അഭിവാദ്യവുര്‍പ്പിച്ചു.’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്‍റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.നൂറുദിന കര്‍മ പരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 2011 ലെ ഭവന നിര്‍മാണ നിയമം പരിഷ്കരിക്കുമെന്നും ഹൗസിംഗ് പോളിസിയില്‍ മാറ്റം വരുത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആവിഷ്കരിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. വിവാദമായ കെറെയില്‍ പദ്ധതിയെ നയപ്രഖ്യാപനത്തില്‍ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെറെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. വേഗതയുള്ള സൗകര്യപ്രദമമായ യാത്രാസൗകര്യത്തിനാണ് കെറെയില്‍. പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പതിനാലാം പഞ്ചവത്സര പദ്ധതിക്ക് 2022 മെയില്‍ രൂപം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് നേടും. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പ്രഖ്യാപനം നടപ്പാക്കും. ഇന്ന് രാവിലെ 9 മണിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഗവര്‍ണര്‍ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *