തിരുവനന്തപുരം : ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര് രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി അബ്ദുറഹിമാന് വിശദീകരിച്ചു. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കുന്നു.
നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. സാധാരണക്കാരായ നിരവധി പേര്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ ഉണ്ടായിട്ടുണ്ട്. കലാകാരന്മാരെ സര്‍ക്കാരിന് കൈയൊഴിയാനാവില്ല, കാരണം അവര്‍ നാടിന്റെ സ്വത്താണ്. കായികതാരങ്ങളായാലും സാംസ്കാരിക മേഖലയില്‍ നിന്നുള്ളവരായാലും ഇതേ നിലപാടാണ്. ചികിത്സ സഹായത്തിനായി ആര് മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയാലും അവരെ സഹായിക്കാറുണ്ട്. പാവങ്ങളേയും കൈയൊഴിയില്ലെന്ന് മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ വിദാദമുണ്ടാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.