സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയിക്കുന്നില്ല: ഗവര്‍ണര്‍

Latest News

.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ല.മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങള്‍ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.നിയമപരമല്ലാതെ എന്തെങ്കിലും നടന്നാല്‍ പുറത്തുവരണം. ഒരാള്‍ക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. വിസിമാരെ നിയമിക്കുന്നതിനുള്ള ബില്‍ നിയമപരമല്ല. എന്താണ് അതില്‍ ന്യായമുള്ളത്. നിയമോപദേശത്തിനായി സര്‍ക്കാര്‍ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്.ഗവര്‍ണര്‍ ചോദിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ദിവസങ്ങള്‍ക്കു മുമ്പാണു ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. സഭ പാസാക്കുന്ന ബില്ല് ഒപ്പിടാത്തത് ജനാധിപത്യത്തിന്‍റെ അന്തഃസത്തക്ക് നിരക്കാത്തതാണ്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *