ന്യൂഡല്‍ഹി: നാളിതുവരെയായി തന്‍റെ ബി.ജെ.പി സര്‍ക്കാരുകള്‍ ഒരു മാധ്യമ സ്ഥാപനത്തിനും ഒരിക്കലും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം കവര്‍ന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തുവെന്ന് 1951ലെ ആര്‍ട്ടിക്കിള്‍ 19ന്‍റെ ഭേദഗതിയെ പരാമര്‍ശിച്ചുകൊണ്ട് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഒരു മാധ്യമസ്ഥാപനത്തിനും ഇതുവരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനാണ് ഇത്തരം ചരിത്രമുള്ളത്. അവര്‍ അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നു. കണ്ണാടിക്കൂടുകളില്‍ താമസിക്കുന്നവര്‍ മറ്റുള്ളവര്‍ക്കെതിരെ കല്ലെറിയരുതെന്നും രാജ്നാഥ് സിങ് പരിഹസിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണാണെന്നും അതിന്‍റെ സ്വാതന്ത്ര്യം ശക്തവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന് പ്രധാനമാണെന്നും പ്രതിരോധമന്ത്രി അടിവരയിട്ടു.