കോട്ടയം : വിഖ്യാത ചലച്ചിത്രകാരന്‍ സയ്യിദ് അക്തര്‍ മിര്‍സയെ കോട്ടയം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാന്‍ കൂടിയായ മിര്‍സ ജീവിതത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥാന്തരങ്ങള്‍ ശക്തമായി പ്രതിപാദിച്ച, ഇന്ത്യന്‍ സമാന്തര സിനിമാ മേഖലയിലെ കരുത്തുറ്റ സംവിധായകരില്‍ ഒരാളാണ്. 2021 ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. മിര്‍സയുടെ നിയമനം വളരെ അഭിമാനകരമായ ഒന്നായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിനെ ദേശീയതലത്തില്‍ അറിയപ്പെടുന്ന മികവിന്‍റെ കേന്ദ്രമാക്കി മാറ്റുമെന്ന് സയ്യിദ് മിര്‍സ പ്രതികരിച്ചു. സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മികവിനെ കേന്ദ്രമാക്കി സ്ഥാപനത്തെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ മേഖലയിലെ പ്രഗത്ഭരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്ന മാസ്റ്റേഴ്സ് ആന്‍ഡ് റസിഡന്‍റ്സ് പ്രോഗ്രാം ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിയമനവും ഉടന്‍ തന്നെ ഉണ്ടാകും എന്ന് മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച മിര്‍സ അദ്ദേഹവുമായി ആശയ വിനിമയം നടത്തി.
