കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മാരക രക്തജന്യ രോഗികള്‍ക്കനുവദിച്ച സമാശ്വാസം പദ്ധതിയില്‍ നിന്നും തലാസീമിയ രോഗികളെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കാനും പദ്ധതി പ്രകാരമുള്ള സഹായധനം 3000 രൂപയായി വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്‍റ് സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിക്ക് പരാതി നല്‍കി.രക്തജന്യ രോഗികള്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കുമ്പോള്‍ തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് ഒരുമിച്ച് നല്‍കിവരുന്നതാണ് കീഴ് വഴക്കം. സംസ്ഥാന സര്‍ക്കാര്‍ 18 വയസ്സ് വരെയുള്ള മാരക രോഗികളായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച താലോലം ചികിത്സാ പദ്ധതിയില്‍ ഈ മൂന്ന് വിഭാഗത്തെയും ഒരുമിച്ചായിരുന്നു പരിഗണിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ രക്തജന്യരോഗികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയപ്പോഴും ഈ മൂന്ന് വിഭാഗം രോഗികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. രക്തജന്യ രോഗികള്‍ക്ക് പ്രായഭേദമന്യേ സൗജന്യമരുന്നും വിദഗ്ദ ചികിത്സയും നല്‍കുന്നതിന് സര്‍ക്കാര്‍ തുടങ്ങിയ ആശാധാരാ പദ്ധതിയിലും ഈ മൂന്ന് വിഭാഗം രോഗികളെയും ഒരുമിച്ചാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിയ സമാശ്വാസം പദ്ധതിയില്‍ മാത്രമാണ് തലാസീമിയ രോഗികളോട് കടുത്ത വിവേചനം കാണിച്ച സ്ഥിതിയുണ്ടായിരിക്കുന്നത്. തികച്ചും അന്യായമായ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ പലതവണ പരാതി നല്‍കിയിരുന്നു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കൗണ്‍സില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രശ്നത്തില്‍ ശരിയായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് രേഖാമൂലം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതുംപാടേ അവഗണിക്കുകയാണുണ്ടായത്. തലാസീമിയ രോഗികളെ സമാശ്വാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിയമസഭാ സമിതിയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് രോഗികളും രക്ഷിതാക്കളും.