. മണിപ്പൂര്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തും. ദിവസങ്ങള്‍ക്കുള്ളില്‍ മണിപ്പൂരിലേക്ക് പോകും. അവിടെ മൂന്നുദിവസം താമസിക്കും. ജനങ്ങളുമായി സംസാരിക്കും. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കും. എല്ലാവര്‍ക്കും നീതിനടപ്പാക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമം. അമിത് ഷാ പറഞ്ഞു.
കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ്കളും തമ്മിലാണു സംഘര്‍ഷം. മെയ്തെയ് വിഭാഗത്തിനു പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങള്‍ രംഗത്തിറങ്ങുകയായിരുന്നു. കലാപത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 50ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പട്ടികവര്‍ഗ പദവി വേണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടക്കം. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഗോത്രവിഭാഗങ്ങള്‍ക്കു നിലവില്‍ പട്ടികവര്‍ഗ പദവിയുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കള്‍ക്കു കൂടി ആ പദവി ലഭിച്ചാല്‍, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും മലനിരകളില്‍ ഭൂമി മെയ്തെയ്കള്‍ കയ്യേറുമെന്നും ഗോത്ര വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു.
ഒരുമാസത്തോളമായി തുടര്‍ന്നസംഘര്‍ഷം നിയന്ത്രണവിധേയമായതോടെ ജനജീവിതം സാധാരണ നിലയിലായി രുന്നു. അതിനിടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞദിവസം ഒരാള്‍ വെടിയേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.വീടുകള്‍ തീയിട്ട്നശിപ്പിച്ചു. ഇതോടെ കര്‍ഫ്യൂ വീണ്ടും കര്‍ശനമാക്കി.