ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കോവിഡ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. ‘ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൊവിഡ് വാക്സിന് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകായണ്. ഞാനും വാക്സിന് സ്വീകരിക്കും ‘ പത്രപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ രാകേഷ് ടികായത്ത് പറഞ്ഞു.
അതേസമയം തന്നെ കൊറോണ വൈറസ് പിടിപ്പെടുമെന്ന് ഭയം കാരണം കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം കര്‍ഷകര്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനായി കര്‍ഷകര്‍ പ്രതിഷേധ സ്ഥലങ്ങളിലെ കൂടാരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കും. ഈ പ്രതിഷേധത്തിന് വ്യക്തമായ കാരണവും അടിസ്ഥാനവും ലക്ഷ്യവും ഉണ്ട്. വിവാദപരമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഈ സമരവുമായി മുന്നോട്ട് പോകുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
പ്രധാനമായും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരണ് കഴിഞ്ഞ നാല് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നു. കഴിഞ്ഞ നവംബര്‍ 26 നാണ് കര്‍ഷകര്‍ പ്രതിഷേധം ദില്ലിയുടെ പരിസര പ്രദേശങ്ങളിലേക്ക് മാറ്റിയത്.
അതേസമയം തന്നെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായേക്കുമെന്ന ശക്തമായ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വര്‍ദ്ധിച്ചു.
മാര്‍ച്ച് 18 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2,52,364 സജീവ കൊറോണ വൈറസ് കേസുകളാണ് ഉള്ളത്. 1,59,216 മരണങ്ങള് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഇതുവരെ 3 കോടിയിലധികം ആളുകള്‍ക്ക് വാക്സിനേഷന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.