. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞു . താലൂക്ക് അടിസ്ഥാനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച്
. കേന്ദ്രമന്ത്രിമാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു
ന്യൂഡല്‍ഹി: സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍.ദില്ലി ചലോ സമരത്തിന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയുമായി എത്തിയതോടെ താലൂക്ക് അടിസ്ഥാനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികളാണ് സമരത്തിന്‍റെ അടുത്ത ഘട്ടത്തില്‍ കര്‍ഷകര്‍ ആലോചിക്കുന്നത്. അതിനിടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ കര്‍ഷക നേതാക്കളുമായി നടത്തുന്ന നാലാം ഘട്ട ചര്‍ച്ച ചണ്ഡീഗഡില്‍ ആരംഭിച്ചു.
ഇന്ന് ഹരിയാനയിലെ എല്ലാ ടോളുകളും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തുറന്ന് നല്‍കുമെന്നാണ് കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ് ചരൗണി വ്യക്തമാക്കിയത്. ഇന്നലെ പഞ്ചാബില്‍ പലയിടത്തായി കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞതോടെ നിരവധി സര്‍വീസുകള്‍ റെയില്‍വേ റൂട്ട് മാറ്റി വിട്ടു. ദേശീയപാതയിലെ ടോള്‍ ബൂത്തുകളും കര്‍ഷകര്‍ ബലം പ്രയോഗിച്ച് തുറന്ന് നല്‍കി. കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ ഹരിയാന പൊലീസ് ഇനി ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ പട്ടം ഉപയോഗിച്ച് ഇവയെ തകര്‍ക്കാനാണ് കര്‍ഷകരുടെ തീരുമാനം. താലൂക്ക് അടിസ്ഥാനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതുള്‍പ്പടെ ഭാവി സമര പരിപാടികളും കര്‍ഷകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ദേശീയ പാതയില്‍ ബാരിക്കേഡ് കോണ്‍ക്രീറ്റ് ചെയ്തും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചും കര്‍ഷകരെ തടയാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചാബിലെ പല ജില്ലകളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് എതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, മമത ബാനര്‍ജി എന്നിവര്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ കര്‍ഷകരെ പിന്തുണച്ച് ഇന്നലെ രംഗത്തെത്തി.