തിരുവനന്തപുരം : ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തിന് സാധിച്ചിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം കൊണ്ട് തദ്ദേശീയ ജനതയുടെ ജീവിതം എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട് എന്നും പരിശോധിക്കണം. സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ സംരക്ഷിക്കാന്‍ ഇക്കാലയളവില്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്‍റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളവയാണ് തദ്ദേശീയ ജനതയുടെ പാരമ്പര്യം. അവരുടെ ചരിത്രവും സംസ്കാരവും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക വേളയില്‍ ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കായി ഒരു മ്യൂസിയം ആരംഭിക്കും. വയനാട് സുഗന്ധഗിരിയില്‍ 20 ഏക്കറില്‍ ആണ് ട്രൈബല്‍ മ്യൂസിയം സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരെയും ഉള്‍കൊള്ളുന്ന രീതിയില്‍ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ ചടങ്ങില്‍ ആദരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി ശിവന്‍ കുട്ടി, ജി ആര്‍ അനില്‍, ആന്‍റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.