കോഴിക്കോട്: കേരള സാംസ്കാരിക തനിമയെ നല്ലരീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് സാംസ്കാരിക സമ്പദ്ഘടന ഉണ്ടാക്കുന്ന തരത്തില്‍ സമഗ്രമായ കലാ സാംസ്കാരിക നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.
സംഘ കലാവേദി കോഴിക്കോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്‍റെ വികസനം എന്നത് സാംസ്കാരിക വികസനം കൂടിയാണ്.കലാകാരന്മാര്‍ പട്ടിണികിടക്കുന്നു അല്ലെങ്കില്‍ ചികിത്സാചിലവില്ലാതെ ബുദ്ധിമുട്ടുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നിരന്തരമായി വരുന്നത് മനസ്സിനെ അലോസരപ്പെടുത്തുന്നു. അവശകലാകാരന്മാരെയും സ്റ്റേജ് കലാകാരന്മാരേയും സഹായിക്കാന്‍ ശശ്വതമായ പദ്ധതി ആവിഷ്കരിക്കണം.അധികാരത്തിലെത്തുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരെ തലപ്പത്ത് കുടിയിരുത്താനുളള സ്ഥലങ്ങളാക്കി സാംസ്കാരിക സ്ഥാപനങ്ങളെ മുന്നണികള്‍ മാറ്റിയിരിക്കുകയാണ്. സജീവന്‍ ആരോപിച്ചു.
സംഘ കലാവേദി ജില്ലാ പ്രസിഡന്‍റ് ജോസുകുട്ടി പെരുമ്പടവ് അദ്ധ്യക്ഷത വഹിച്ചു. കലാവേദി ദേശീയ സെക്രട്ടറി സജന്‍ കക്കോടി,ബി.ജെ.പി.മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, ഭാരവാഹികളായ സുധീഷ് നെല്ലിക്കോട്, എന്‍.കെ.സപ്ന, സിന്ധു സുധീര്‍,സുധീഷ് ബാലുുശ്ശേരി,ഉണ്ണിക്കൃഷ്ണന്‍ പോരൂര്‍, സി.പി.പ്രദീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.