ഒരു പുതിയ ഭാവിക്കായി പുതിയ തുടക്കങ്ങള്‍: പ്രധാനമന്ത്രി
വനിതാസംവരണം ആദ്യ ബില്ലായി അവതരിപ്പിച്ചു തുടക്കം
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സഭാനടപടികള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്കു 1:15നാണ് പുതിയ മന്ദിരത്തില്‍ ലോക്സഭ നടപടികള്‍ ആരംഭിച്ചത്.
സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് മന്ദിര നിര്‍മാണത്തില്‍ സ്പീക്കര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. പിന്നാലെ പ്രധാനമന്ത്രി സംസാരിച്ചു. വനിതാസംവരണ ബില്‍ നിയമമന്ത്രി അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി മാറി വനിതാസംവരണം.
പുതിയ മന്ദിരത്തിലേക്ക് മാറുന്നതിനു മുമ്പ് പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മോദി ചൂണ്ടിക്കാണിച്ചു. ഇത് നമ്മളെ വികാരഭരിതരാക്കുന്നു.ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രചോദിപ്പിക്കുന്നു. പഴയ മന്ദിരം ഇനി സംവിധാന്‍ സദന്‍ (ഭരണഘടനാ സഭ)എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണ്. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിനും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്. നരേന്ദ്രമോദി പറഞ്ഞു.പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍, ഒരു പുതിയ ഭാവിക്കായി പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ചെറിയ ക്യാന്‍വാസില്‍ ഒരു വലിയ ചിത്രം നിര്‍മ്മിക്കാന്‍ കഴിയുമോ? ഇന്ത്യ അതിന്‍റെ ശരിയായ സ്ഥലത്ത് എത്താന്‍ ഇപ്പോള്‍ വലിയ ക്യാന്‍വാസിലേക്ക് മാറണം, ചെറിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമില്ല. പ്രധാനമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ഹാളില്‍ ഫോട്ടോ സെഷനുകള്‍ നടന്നു. ഇതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പുതിയ മന്ദിരത്തിലേക്ക് കാല്‍നടയായി എത്തിയത്.75 വര്‍ഷത്തെ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയോടെ പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ലോക്സഭാ, രാജ്യസഭാ നടപടികള്‍ക്ക് തിങ്കളാഴ്ചയാണ് അവസാനമായത്.